പെരുമ്പാവൂര്‍: ജല്‍ജീവന്‍ പദ്ധതി പ്രകാരമുള്ള ജലശുദ്ധീകരണ ശാലയുടെ നിര്‍മാണം മാസങ്ങളായി നിലച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ മേഖലയിലെ ചില പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. കരാറുകാരന്റെ മരണത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തില്‍ വേങ്ങൂര്‍, മുടക്കുഴ, അശമന്നൂര്‍ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണത്തിനായി 10 എംഎല്‍ഡി ജലശുദ്ധീകരണ ശാലയുടെ നിര്‍മാണമാണ് നാല് മാസമായി നിലച്ചുകിടക്കുന്നത്.
വേങ്ങൂര്‍, മുടക്കുഴ, അശമന്നൂര്‍ പഞ്ചായത്തുകളിലേക്ക് 2.5 എംഎല്‍ഡി ശേഷിയുള്ള പ്ലാന്റില്‍ നിന്നാണ് ജലവിതരണം നടത്തിയിരുന്നത്. ശേഷി വര്‍ധിപ്പിക്കേണ്ടി വന്ന സാഹചര്യത്തില്‍ ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചൂരമുടയിലാണ് 10 എംഎല്‍ഡി ശേഷിയുള്ള ജലസംഭരണി 10 കോടി ചെലവില്‍ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ 10 ശതമാനം നിര്‍മാണം മാത്രമാണ് ഇതിനകം പൂര്‍ത്തിയായത്.
കരാറുകാരന്റെ മരണത്തെ തുടര്‍ന്ന് നിയമപരമായ പിന്തുടര്ച്ച സര്‍ട്ടിഫിക്കറ്റ്, പണമിടപാടുകളിലെ തീര്‍പ്പാക്കല്‍ എന്നിവയ്ക്ക് കാലതാമസം നേരിട്ടു. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ നിര്‍മാണം പുനരാരംഭിക്കുന്നതിന് വീണ്ടും പ്രതിസന്ധി നേരിട്ടു. നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് അടുത്ത മാസം വീണ്ടും ടെൻഡര്‍ വിളിക്കുമെന്ന് വാട്ടര്‍ അഥോറിറ്റി അറിയിച്ചിട്ടുണ്ട്. നിലവില്‍ 2.5 എംഎല്‍ഡി പ്ലാന്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് തന്നെയാണ് പുതിയ പ്ലാന്റ്.
പദ്ധതിക്കായി പുതിയൊരു സ്ഥലം കണ്ടെത്താന്‍ മൂന്ന് പഞ്ചായത്ത് പ്രതിനിധികളും അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായില്ല. പുതിയ ടാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ മൂന്ന് പഞ്ചായത്തുകളിലെയും ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകും. ദിവസവും ഒരു കോടി ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന പദ്ധതിക്കായി 10 കിലോ മീറ്റര്‍ അകലെയുള്ള പെരിയാര്‍ തീരത്തെ പാണംകുഴി പമ്പ് ഹൗസില്‍ നിന്നാണ് വെള്ളമെത്തിക്കുക. പദ്ധതി എളുപ്പത്തിലാക്കാന്‍ ചൂരമുടി പഞ്ചായത്തംഗം അനക്സ് എ. ജോണ്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
കറുകപ്പിള്ളിയുടെ കാര്യവും കഷ്ടം
കോലഞ്ചേരി: പുഴയോരത്താണെങ്കിലും വേനലില്‍ കറുകപ്പള്ളിയുടെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. നിരപ്പാമല, പന്തനാനിരപ്പേല്, പള്ളിപ്പുറത്ത് കടവ് പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം . ഇവിടെ തൊട്ട് ചേര്‍ന്ന് ഒഴുകുന്ന പുഴ കഠിന വേനലാകുന്നതോടെ വറ്റിത്തുടങ്ങും. അതിനാല്‍ തന്നെ പുഴയോട് ചേര്‍ന്ന് കിടക്കുന്ന കറുകപ്പിള്ളി, പള്ളിപ്പുറത്ത് കടവ് പ്രദേശത്ത് വെള്ളത്തിന് ക്ഷാമം നേരിടും. കുടിവെള്ള ടാങ്കറുകളാണ് പ്രദേശവാസികള്‍ക്ക് ആശ്രയം.പൂതൃക്ക പഞ്ചായത്ത് തമ്മാനിമറ്റം വാര്‍ഡിലെ കരയപ്പുറം, പുളിന്താനം ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെങ്കിലും ടാങ്കറുകളില്‍ കുടിവെള്ളമെത്തിച്ചാണ് പരിഹാരം കാണുന്നത്.
പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് പ്രദേശങ്ങളായ വട്ടേക്കാട്ട് ഉന്നതിയിലും മലേക്കുരിശ് ഭാഗങ്ങളിലും വേനല്‍ കടുക്കുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകാറുണ്ട്. ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന വെള്ളം പലപ്പോഴും തികയാറില്ല.
പൂതൃക്ക പഞ്ചായത്ത് പ്രദേശവും സമീപ പ്രദേശങ്ങളും രൂക്ഷമായ മണ്ണ് ഖനനം നടത്തുന്ന സ്ഥലങ്ങളാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലുകള്‍ മൂലം പഞ്ചായത്തില്‍ വാണിജ്യ അടിസ്ഥാനത്തില്‍ മണ്ണെടുപ്പ് നിരോധിച്ചിട്ടുമുള്ളതാണ്.
പഴയ പൈപ്പുകൾ മാറ്റണം
വെങ്ങോല, രായമംഗലം പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തുന്നതിന് ജല്‍ജീവന്‍ പദ്ധതി പ്രകാരം എത്തിച്ച പൈപ്പുകള്‍ ഇപ്പോഴും ഓള്‍ഡ് മുവറ്റുപുഴ റോഡിലെ ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. വായ്ക്കര, 606 എന്നിവിടങ്ങളില്‍ പമ്പ് ഹൗസും ജലസംഭരണിയും കരിവേലിപ്പടിയില്‍ ബൂസ്റ്റര്‍ പമ്പ് ഹൗസുമാണ് സ്ഥാപിക്കുന്നത്.
പീച്ചനാമുകളില് നിലവിലുള്ള പമ്പ് ഹൗസ് ഉയരംകൂട്ടി നിര്‍മിച്ച് സംഭരണ ശേഷി വര്‍ധിപ്പിക്കും. ഇരു പഞ്ചായത്തുകളിലേയും ജലവിതരണം മെച്ചപ്പെടുത്താന്‍ 165.24 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. കാഞ്ഞിരക്കാട് 28 എംഎല്‍ഡി ശേഷിയുള്ള പ്ലാന്റ്, റോട്ടര്‍ വെല്‍ എന്നിവ നിര്‍മിക്കും. വെങ്ങോല ഓണംവേലിക്കുന്നില് പുതിയ പ്ലാന്റും നിര്‍മിക്കുന്നതിനൊപ്പം ചൂണ്ടമലയില്‍ പ്ലാന്റ് നവീകരിക്കുകയും ചെയ്യും.
2023 നവംബറില്‍ പഞ്ചായത്തിലേക്ക് പൈപ്പുകള്‍ ഇറക്കിയിരുന്നെങ്കിലും റോഡ് വെട്ടിപ്പൊളിക്കുന്നതിന് പി.ഡബ്ല്യുഡിക്ക് പണം നല്കേണ്ടതിനാല് കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ടും പൈപ്പുകള്‍ സ്ഥാപിക്കാനായിട്ടില്ല.
പദ്ധതി വൈകുന്നതിനാല്‍ കരാര്‍ ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കരാര്‍ കമ്പനി നോട്ടീസ് നല്‍കിയിരിക്കുകയാണ്. പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ കൂവപ്പടി, വെങ്ങോല പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമമുണ്ട്.
കറുകുറ്റിക്കും കുടിവെള്ളം വേണം
അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ 1,8, 9, 19 വാര്‍ഡുകളിലാണ് നിലവില്‍ കുടിവെള്ള ക്ഷാമമുള്ളത്. പ്രദേശത്ത് ഒട്ടേറെ കുഴല്‍ കിണറുകള്‍ ഉണ്ടെങ്കിലും മിക്കതും പ്രവര്‍ത്തനരഹിതമാണ്.
തകരാറുകള്‍ പരിഹരിക്കാന്‍ വിവിധ ഏജന്‍സികളും സര്‍ക്കാരും പ്രാദേശിക തലത്തിലും സഹായം നല്‍കുന്നുണ്ടെങ്കിലും ഇത് പൂര്‍ണമായും ഫല പ്രാപ്തിയിലായിട്ടില്ല. കുഴല്‍കിണറുകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുകയും ജലജീവന്‍ പദ്ധതി ഈ പ്രദേശങ്ങളില്‍ കാര്യക്ഷമമാക്കുകയുമാണ് ശാശ്വത പരിഹാരം. പുതിയ ഭരണസമിതി പരിഹാരത്തിനായി ഊര്‍ജിത ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി പറഞ്ഞു.
മഴക്കാലത്തും കുടിവെള്ളം കിട്ടാക്കനി
അങ്കമാലി നഗരസഭയിലെ വാര്‍ഡ് ഒന്ന്, 31 എന്നിവിടങ്ങളില്‍ മഴക്കാലത്തും കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ഉയര്‍ന്ന സ്ഥലത്തുള്ള പ്രദേശവാസികള്‍. ചാക്കരപ്പറമ്പ് - പുളിയനം റോഡില്‍ എടപ്പാറ കവലയ്ക്ക് സമീപമുള്ള 20ഓളം വീട്ടുകാരാണ് ദുരിതം പേറുന്നത്.
ഇവിടുത്തെ വീടുകള്‍ക്ക് മുന്നില്‍ വാട്ടര്‍ ടാങ്കുകള്‍ നിരത്തിവച്ചിട്ടുണ്ടെങ്കിലും ഫലമില്ല. വാട്ടര്‍ അഥോറിട്ടിയുടെ നേതൃത്വത്തില്‍ നേരത്തെ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ച് ഇവിടെ വീടുകളിലെ വാട്ടര്‍ ടാങ്കുകളില്‍ വെള്ളം നിറച്ചു നല്‍കിയിരുന്നു.
ഇടയ്ക്ക് വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പ് ലൈന്‍ വഴി ലഭിച്ചിരുന്ന വെള്ളം ഇപ്പോള്‍ ലഭിക്കുന്നില്ല. ഒന്നാം വാര്‍ഡിലെ മറ്റു ചില പ്രദേശങ്ങളിലും 31-ാം വാര്‍ഡിലെ വെള്ളില പൊങ്ങ് ഭാഗത്തും കുടിവെള്ള ക്ഷാമം നിലവിലുണ്ട്.
വേനല്‍ക്കാലത്ത് നഗരസഭ ഫണ്ട് മുടക്കി വെള്ളം എത്തിച്ചുകൊടുത്തിരുന്നു. വര്‍ഷകാലമായതോടെ കുടിവെള്ള പ്രശ്നത്തിന് സത്വര പരിഹാര നടപടികള്‍ വാട്ടര്‍ അഥോറിട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷാജന് വര്‍ക്കി, ഷോബി ജോര്‍ജ് എന്നിവര്‍ ആവശ്യപ്പെട്ടു.
അങ്കമാലി നഗരസഭാ പ്രദേശങ്ങളില്‍ വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പ് ലൈനുകള്‍ അടിക്കടി തകരാറാകുന്നതും ഇത് പരിഹരിക്കാന്‍ കാലതാമസം നേരിടുന്നതും വഴിയാത്രക്കാരെയും തദ്ദേശ വാസികളെയും വല്ലാതെ വലയ്ക്കുന്നുണ്ട്.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം വര്‍ഷങ്ങളായി തുടരുന്ന പ്രശ്നമാണെങ്കിലും, ഇത്തവണ പ്രതിസന്ധിയുടെ വ്യാപ്തി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ജലവിതരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസം, പഴകിയ വിതരണ ശൃംഖല, ചോര്‍ച്ച, ജലസ്രോതസുകളുടെ കുറവ് തുടങ്ങിയ ഘടകങ്ങളാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം വര്‍ഷങ്ങളായി തുടരുന്ന പ്രശ്നമാണെങ്കിലും, ഇത്തവണ പ്രതിസന്ധിയുടെ വ്യാപ്തി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ജലവിതരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസം, പഴകിയ വിതരണ ശൃംഖല, ചോര്‍ച്ച, ജലസ്രോതസുകളുടെ കുറവ് തുടങ്ങിയ ഘടകങ്ങളാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.
താത്കാലികമായി ടാങ്കര്‍ ലോറികള്‍ വഴിയുള്ള ജലവിതരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരത്തിനായി പുതിയ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, നിലവിലെ വിതരണ സംവിധാനങ്ങള്‍ നവീകരിക്കുക, ജലസ്രോതസുകള്‍ സംരക്ഷിക്കുക, മഴവെള്ള സംഭരണവും ഭൂഗര്‍ഭജല പുനരുജ്ജീവനവും ഉള്‍പ്പെടെയുള്ള ദീര്‍ഘകാല നടപടികള്‍ നടപ്പാക്കുക എന്നിവ അനിവാര്യമാണെന്നാണ് വിലയിരുത്തല്‍.
(അവസാനിച്ചു)